പക്ഷി വൈവിധ്യം - നാടൻ താമരക്കോഴി


നാടൻ താമരക്കോഴി 

(BRONZEWINGED JACANA)

LOCATION : വെള്ളായണി കായൽ

ഈർക്കിലിക്കാലൻ, ചവറുകാലി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.ഇവയ്ക്ക് നീണ്ട വിരലുകളും നഖങ്ങളുമാണ്. താമരയും ആമ്പലും കുളവാഴയും മറ്റു ജലസസ്യങ്ങളും വളർന്നു നിൽക്കുന്ന ജലാശയങ്ങളിൽ ഇവയെ കാണാം. നീണ്ടുമെലിഞ്ഞ കാലുകളും വിരലുകളും സസ്യങ്ങൾക്ക് മീതെ നടന്ന് ഇരതേടുന്നതിന് സഹായിക്കുന്നു. കുളവാഴയും താമരയുമുള്ള കുളങ്ങളിൽ ഇണകളായും  അഞ്ചും ആറും അടങ്ങിയ കൂട്ടങ്ങളായും ജീവിക്കുന്ന നീർപ്പക്ഷിയാണ് താമരക്കോഴി . ജലസസ്യങ്ങളുടെ ഇലകൾക്കു മീതെ അനായാസേന ഒടിനടക്കുകയും ഒളിഞ്ഞുകളിക്കുകയും ചെയ്യും.

താമരക്കോഴിക്ക് ആമ്പലും താമരയും കുളവാഴയുമൊക്കെ വളർന്നു നിൽക്കണം. കാരണം അവയുടെ മുകളിലൂടെ നടന്നാണ് താമരക്കോഴി ഇരതേടുന്നത്. അതിനുപറ്റിയ രീതിയിലാണ് താമരക്കോഴിയുടെ വിരലുകൾ. അസാമാന്യം നീളമുള്ളവിരലുകൾ ശരീരഭാരം ഒരു സ്ഥലത്തുമാത്രം കേന്ദ്രികരിക്കാതെ ആമ്പലിൻെറയോ  താമരയുടെയോ ഇലയിൽ മൊത്തമായി വിസരണം ചെയ്യിക്കുന്നു. അതിനാൽ ഇലകൾ പൊട്ടിപ്പോകുന്നില്ല. വെള്ളം നിറഞ്ഞുക്കിടക്കുന്ന പാടത്ത് ഈ പക്ഷിക്കൊപ്പം എരണ്ടകൾ ഉണ്ടാകും. 

 വാൽതീരെ ഇല്ലെന്നുതന്നെ തോത്തുന്ന ഈ പക്ഷിയുടെ നിറം ദൂരെ നിന്നു നോക്കുമ്പോൾ ആകപ്പാടെ കറുപ്പാണെന്നു തോന്നും. തല, കഴുത്ത്, മാറിടം , ഉദരം എന്നിവ    നീലയും  ഊതയും കലർന്ന തിളങ്ങുന്ന കറുപ്പാണ്. തലയ്ക്കു ചുറ്റും ചുറ്റിട്ടപോലെ ഒരു വെള്ളവരയുണ്ട്. ചിറകുകളും പുറവും മുഷിഞ്ഞ വെള്ളോടിൻെറ നിറമാണ്. ( സ്വർണ്ണ പൊടിച്ചു പൂശിയ തവിട്ട് നിറം - പച്ചച്ഛായയും ഈ നിറത്തിൽ ഒളിഞ്ഞു കിടക്കുന്നു. ) ചിറകുകളുടെ ഓരത്ത് കടുത്ത തവിട്ട് നിറം , വാലും വാലിനു ചുറ്റുമുള്ള ഭാഗംവും നല്ല ചെമ്പിച്ച തവിട്ടു നിറമാണ്. കൊക്ക് മുൻപകുതി മഞ്ഞയും കടും പച്ചയുമാണ്. നെറ്റിയിൽ ഒരു പൊട്ടുപോലെയുള്ള നഗ്നചർമ്മം നല്ല ചുവപ്പാണ്. കാലുകൾ മങ്ങിയ പച്ച. 

LOCATION : VELLAYANI LAKE 

പലപ്പോഴും പ്രത്യേകിച്ചോരു കൂടോന്നും ഉണ്ടാക്കാതെ താമരഇലയിൽ തന്നെ മുട്ടയിടുമെങ്കിലും , പുൽത്തണ്ടുകളിലും ചണ്ടി ഉപയോഗിച്ചു ചെറിയൊരു കൂടുണ്ടാക്കുന്നതും അപൂർവമല്ല. ഇങ്ങനെ ഉണ്ടാക്കുന്ന കൂടുകൾ മിക്കവാറും വെള്ളത്തിൽ നിൽക്കുന്ന പുൽകൂട്ടങ്ങളിലാണു കാണുക. അസാധാരണമായ ഒളിയുള്ളതും കടുത്ത തവിട്ടു നിറത്തിലും ധാരാളം കറുത്തവരകളും കുറികളുമുള്ളതാണ് മുട്ടകൾ.