ചായമുണ്ടി
PURPLE HERON
ചാരമുണ്ടിയോടു വളരെ സാദൃശ്യമുണ്ട്. പക്ഷേ അതിനേക്കളും കൃശഗാത്രനാണ്. അത്യധികം മെലിഞ്ഞതാണ് നീണ്ടുവളഞ്ഞ കഴുത്ത്. തലയും കഴുത്തും ഒട്ടേറെ കടുത്ത ചെമ്പിച്ച തവിട്ടു നിറമായിരിക്കും. പുറകും ചിറകുകളും ഇരുണ്ടതും ഊതച്ഛായയുള്ളതുമായ കടുത്ത ചാരനിറം. ചിറകുകളിലും വാലിലുമുള്ള വലിയ തൂവലുകൾ കറുപ്പ്. കഴുത്തിൻെറ ഇരുവശത്തും മുഖത്തുനിന്നു തുടങ്ങുന്ന കറുത്ത വരകളുണ്ട്. ദേഹത്തിൻെറ അടിവശത്തെല്ലാം കറുപ്പാണ്. കണ്ണിനു ചുറ്റുമുള്ള നഗ്നചർമ്മം ഇളം പച്ച. കാലുകളിൽ മഞ്ഞകലർന്ന കടും തവിട്ടു നിറം, കണ്ണ് മഞ്ഞ.
LOCATION : VELLAYANI LAKE
ചാരമുണ്ടിയുടെ നെറ്റിയും മൂർദ്ധാവും കഴുത്തും അടിവശവും വെള്ളയാണ്, പുറം ഭസ്മത്തിൻെറ നിറവും . ചായമുണ്ടിയുടെ മൂർദ്ധാവും അടിവശവും കറുപ്പും , മുഖവും കഴുത്തും, മാറിൻെറ പാർശ്വഭാഗങ്ങളും ചുവപ്പുച്ഛായയുള്ള കടുത്ത തവിട്ടുനിറവുമാണ്. ചാരമുണ്ടി മിക്ക സമയവും നമുക്ക് നല്ലതുപോലെ കാണത്തക്കവിധത്തിലാണ് ഇരതേടുന്നതും വിശ്രമിക്കുന്നതും. പക്ഷേ ചായമുണ്ടി കഴിവതും ഉയർന്ന് വളരുന്ന പുൽക്കൂട്ടങ്ങളിൽ ഒളിച്ചിരിക്കുകയാണ് പതിവ്.
No comments:
Post a Comment