നാടൻ കുരങ്ങ്
BONNET MACAQUE
LOCATION: നെടുമങ്ങാട്,തിരുവനന്തപുരം
സസ്തനികളിലെ സെർക്കോപൈതീസിഡെ (Cercopithecinae) കുടുംബത്തിൻെറ ഉപകുടുംബമായ സെർക്കോപൈതീസിനെ(Cercopithecinae)യിൽ ഉൾപ്പെടുന്ന ഒരിനം കുരങ്ങനാണ് നാടൻ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങ്. ശാസ്ത്രനാമം: മക്കാക്ക റേഡിയേറ്റ (Macaca radiata). വെള്ളമന്തി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പടിഞ്ഞാറ് മുംബൈ മുതൽ കിഴക്ക് ഗോതാവരി വരെയുള്ള വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
മക്കാക്ക ഇനത്തിൽപ്പെട്ട കുരങ്ങുകളിൽ ഏറ്റവും നീളംകൂടിയ വാലുള്ളത് തൊപ്പിക്കുരങ്ങിനാണ്. വാലിന് 45-70 സെ.മീ. നീളമുണ്ട്. പൂർണവളർച്ചയെത്തിയ ആൺകുരങ്ങിന് 6-10 കി.ഗ്രാമും പെൺകുരങ്ങിന് 3-4 കി.ഗ്രാമും തൂക്കമുണ്ടായിരിക്കും. ഇതിന്റെ തലയിൽ ഒരു ചെറിയ തൊപ്പിപോലെ രോമങ്ങൾ വളർന്നു നില്ക്കുന്നതിനാലാണ് തൊപ്പിക്കുരങ്ങ് എന്ന പേര് ലഭിച്ചത്. നെറ്റിഭാഗം മറയ്ക്കാതെ വളർന്നുനില്ക്കുന്ന ഈ രോമത്തൊപ്പിയുടെ മധ്യഭാഗം നെടുകെ പകുത്തതുപോലെ തോന്നും. ഇവയുടെ ശരീരത്തിന്റെ നിറം ഋതുഭേദങ്ങൾക്കനുസൃതമായി മാറുന്നു; ശൈത്യകാലത്ത് തിളങ്ങുന്ന തവിട്ടുനിറവും ഉഷ്ണകാലത്ത് മങ്ങിയ ചാരനിറവുമായിരിക്കും.
20 മുതൽ 25 വരെയുള്ള കൂട്ടമായി ഇവ ശബ്ദമുണ്ടാക്കിക്കൊണ്ട് തറയിലും വൃക്ഷങ്ങളിലും ചാടിച്ചാടി സഞ്ചരിക്കുന്നു. ഇത്തരം കുരങ്ങുകൾ തെക്കെ ഇന്ത്യയിലെ നാട്ടിൻപുറത്തെയും കാട്ടുപ്രദേശങ്ങളിലെയും സാധാരണ കാഴ്ചയാണ്. കുരങ്ങുകളുടെ ഓരോ കൂട്ടവും അവയുടെ സഞ്ചാരപരിധി ഒരു കിലോമീറ്ററിനുള്ളിലായി പരിമിതപ്പെടുത്തുന്നു. തളിരിലകളും ഫലങ്ങളും ചെറുപ്രാണികളുമാണ് ഇവയുടെ ഭക്ഷണം. പട്ടണങ്ങളിലെ വീടുകളിലും മറ്റും കയറിക്കൂടുന്ന ഇത്തരം കുരങ്ങുകൾ മനുഷ്യരുടെ ആഹാരാവശിഷ്ടങ്ങളാണ് സാധാരണയായി ഭക്ഷിക്കാറുള്ളത്. ക്ഷേത്രങ്ങളുടെയും മറ്റും പരിസരവും വഴിയരികുകളും താവളമാക്കുന്നവ മനുഷ്യരെ ഭയപ്പെടാറില്ല. ചിലപ്പോൾ ഇവ കൃഷിയിടങ്ങളിലെ ധാന്യങ്ങളും ഫലങ്ങളും മറ്റും തിന്നുനശിപ്പിക്കാറുണ്ട്.
കുരങ്ങിനങ്ങളിൽ ഏറ്റവുമധികം കുസൃതിത്തരങ്ങളും അനുകരണഭ്രമവും പ്രകടമാക്കുന്നത് തൊപ്പിക്കുരങ്ങുകളാണ്. കുരങ്ങുകളിക്കാർ സാധാരണ കൊണ്ടുനടക്കുന്നത് ഇത്തരം കുരങ്ങുകളെയാണ്. ഇവയുടെ ഇണങ്ങുന്ന സ്വഭാവ സവിശേഷതയാണ് ഇതിനു പ്രധാന കാരണം.
നാടൻ കുരങ്ങ്
No comments:
Post a Comment