അരുവിപ്പുറം

താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന  ഗ്രാമമാണ് അരുവിപ്പുറം. ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണകേരളത്തിലെ ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രമാണ്. ശ്രീനാരായണ ഗുരു ഇവിടെ 1888 ൽ ശിവലിംഗം സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത്. ഇവിടത്തെ  അരുവിപ്പുറം ശിവരാത്രി വളരെ പ്രസിദ്ധമാണ്.

അരുവിപ്പുറം

കേരളത്തിൻെറ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ടതും 125 - ലധികം വർഷം പഴക്കമുള്ള ശിവക്ഷേത്രം. ക്രിസ്തുവർഷം 1888-ൽ  ശ്രീനാരായണ ഗുരുവാണ് തിരുവനന്തപുരത്ത്  നെയ്യാറ്റിൻകരയിൽ നെയ്യാറിൻെറ തീരത്തുള്ള  അരുവിപ്പുറത്ത് ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ഗുരു പ്രതിഷ്ഠ കർമ്മം ചെയ്തത് കേരളത്തിൻെറ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ദൂരവ്യപകമായ ഫലമുളവാക്കിയ ചരിത്രമുഹൂർത്തങ്ങളിലൊന്നാണ്. 

അരുവിപ്പുറം ക്ഷേത്രം

അരുവിപ്പുറം പ്രതിഷ്ഠ 

അധ:സ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരയണഗുരു 1888 - ൽ നടത്തിയ പ്രതിഷ്ഠയാണ്  അരുവിപ്പുറം പ്രതിഷ്ഠ. ഈ  പ്രതിഷ്ഠ യ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കയമായ ശങ്കരൻകുഴിയിൽ നിന്നുമാണ് കിട്ടിയത്. ഗുരു നടത്തിയപ്രതിഷ്ഠ  ചോദ്യം ചെയ്യാനെത്തിയ സവർണമേധാവികളോട് ഗുരു നാം നമ്മുടെ ശിവനെയാണ്  പ്രതിഷ്ഠച്ചത് എന്ന് മറുപടി നൽകുകയാണ് ചെയ്തത്. അധ:കൃത ജനവിഭാഗത്തിൻെറ ഉന്നമനത്തിനു നാന്ദിക്കുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ . 

അരുവിപ്പുറത്ത് ഒരു ആരാധനാലയം എന്ന ആശയം ഗുരു തൻെറ പല ഭക്തൻമാരുമായി ചർച്ച ചെയ്തിരുന്നു. എല്ലാവരും അത് അഗ്രഹിക്കുന്നു എന്ന് ഗുരുവിന് മനസിലാക്കാൻ കഴിഞ്ഞു. അതുപ്രകാരമാണ് 1888 - ലെ ശിവരാത്രി ദിവസം പ്രതിഷ്ഠ ആകാം എന്ന് ഗുരു കല്പിച്ചത്. നദിക്കു അഭിമുഖമായൊരു പാറ ചൂണ്ടികാണിച്ചു ഇവിടെയാകാം എന്ന് പറഞ്ഞതല്ലാതെ എന്ത് എങ്ങനെ എപ്പോൾ എന്നൊന്നും ശിവരാത്രിവ്രതത്തിനായി അവിടെ വന്നുകൂടിയവരോട് ഗുരുപറഞ്ഞിരുന്നില്ല. ഗുരുവിനു സാഹായകളായി അന്ന് അവിടെ ഉണ്ടായിരുന്നത് ശിവലിംഗ ദാസ സ്വാമികളും നാണിയാശാനും ഭൈരവൻ ശാന്തിയും ആയിരുന്നു. അവരോടുപോലും താൻ എന്തുചെയ്യാൻ പോകുന്നു എന്ന് ഗുരു പറഞ്ഞിരുന്നില്ല. എങ്കിലും തങ്ങളാൾ കഴിയുന്ന ഒരുക്കങ്ങളൊക്കെ അവിടെകൂടിയ ഭക്തജനങ്ങൾ ചെയ്തിരുന്നു. ഗുരു  പീഠമായി നിർദ്ദേശിച്ചിരുന്ന പാറയ്ക്കു ചുറ്റും ചെത്തിവെടിപ്പാക്കി കുരുത്തോലയും മാവിലയും ചേർത്ത് തോരണം ചാർത്തിയ ഒരു പന്തൽ ആ പാറയ്ക്കുമീതെ കെട്ടി ഉയർത്തി. മരോട്ടിക്കായ്കൾ നടുവെമുറിച്ച് അതിൽ എണ്ണയൊഴിച്ചു തിരികളിട്ടു. നിരക്കെ നാട്ടിയ ഓലമടലുകളിൽ ആ വിളക്കുകൾ ഉറപ്പിച്ചു. നാദസ്വരവായനയും ഏർപ്പാടാക്കി. വിഗ്രഹ പ്രതിഷ്ഠയ്ക്കുള്ള അഷ്ടബന്ധം വൈദ്യന്മാർ ഏർപ്പാട് ചെയ്തു.  

നെയ്യാർ

അന്ന് മുഴുവൻ ഘന ഗംഭീരമായ ഒരു മൗനത്തിലായിരുന്നു ഗുരുദേവൻ. പർണ്ണശാലയ്ക്കടുത്ത് ധ്യാനത്തിലിരിക്കുന്ന സ്വർണ്ണ വിഗ്രഹം പോലെ തേജോമയനായ ഗുരുവിൻെറ മുഖത്തേക്ക് നോക്കാൻ പോലും അന്ന് ആർക്കും ധൈര്യമുണ്ടായിരുന്നില്ല. സന്ധ്യയോടെ വിളക്കുകളെല്ലാം തെളിയിച്ചു. ഭക്തജനങ്ങൾ പഞ്ചാക്ഷരീ മന്ത്രം ജപിക്കാൻ തുടങ്ങി. നേരം പാതിരാവായി. വിഷപാനം ചെയ്ത ശിവനുവേണ്ടി ഭക്തർ ഉറങ്ങാതെ കാവലിരിക്കുന്ന രാത്രി. ധ്യാനത്തിൽ നിന്ന് ഉണർന്ന ഗുരു പർണ്ണശാലയിൽ നിന്ന് പുറത്തേക്കിറങ്ങി. നെയ്യാറിൽ ഒരു കയം ഉണ്ട് "ശങ്കരൻകുഴി" . പാഞ്ഞ് വരുന്ന പുഴ അവിടെയൊന്ന് വട്ടം കറങ്ങി യിട്ടേ മുന്നോട്ട് ഒഴുകൂ. ആ കയത്തിൽ പെട്ട യാതൊന്നും പിന്നീട് ഉയർന്ന് വരില്ലത്രേ! ജനങ്ങൾ വീർപ്പടക്കി നിൽക്കെ ഗുരു ആ കയത്തിൽ മുങ്ങി. സമയം കടന്നുപോകുന്നു. മാറത്തു കൈചേർത്ത് ഒന്ന് മിണ്ടാൻപോലുമാകാതെ ആളുകൾ തരിച്ചുനിൽക്കുകയാണ്. പുഴയുടെ മന്ത്രജപം മാത്രം അപ്പോഴും മുഴങ്ങി കേൾക്കാം. അപ്പോൾ അതാ  കയത്തിൽ നിന്നും ഗുരുപൊങ്ങിവരുന്നു. വലതുകൈയ്യിൽ ശിവലിംഗരൂപത്തിലുള്ള ശില ഉയർത്തിപിടിച്ച് ഇടതുകൈകൊണ്ട്  പാറയിൽ ഒരു അഭ്യാസ്യപ്പോലെ പിടിച്ച് കയറിവരുന്നു. നേരെ നടന്നു അദ്ദേഹം പ്രതിഷ്ഠിക്കാനുദ്ദേശിച്ചിരുന്ന പാറയുടെ അരികിൽ എത്തി. 

ആ ശിലാഖണ്ഡത്തെ നെഞ്ചോടു ചേടത്തു പിടിച്ച് ധ്യാനലീനനായി നിന്നു കരുണാർദ്രമായ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകികൊണ്ടിരുന്നു. മണിക്കുറോളം ധ്യാനനിലയിൽ നിന്നു. ആകാശത്തുനിന്നും ഒരു കാന്തി പ്രസരം അന്തരീക്ഷത്തിലൂടെ പാഞ്ഞുവന്ന് ഗുരുവിൻെറ കയ്യിലെ ശിലയിൽ തൊട്ടു. അദ്ദേഹം ആ ഉരുണ്ട ശിലാഖണ്ഡത്തെ ആ പരന്ന ശിലയിൽവച്ചു. ശില ശിലയോട് ഉരുകിചേർന്നു. അഷ്ടബന്ധം കാച്ചിക്കൊണ്ടുനിന്ന വൈദ്യൻന്മാർ ഗുരുവിനോട് ചോദിച്ചു."  അഷ്ടബന്ധം ഒഴിക്കെണ്ടയോ ? "  മൗന മുദ്രിതമായിരുന്ന ഗുരുവിൻെറ ചുണ്ടുകളന്ന്   ആദ്യമായി ഉടച്ചരിച്ചു. "വേണ്ട അതുറച്ചു പോയല്ലോ" സ്വന്തം തപ: ശക്തിയുടെ അഷ്ടബന്ധത്തിൽ അന്ന് ഉറപ്പിച്ച ആ ശിലയ്ക്ക് ഇന്നോളവും ഒരിളക്കവും സംഭവിച്ചിട്ടില്ല. ദൈവംപോലും സ്വന്തമായിട്ട് ഇല്ലാതിരുന്ന പരാതിയായ ജനങ്ങൾക്കുവേണ്ടിയാണ് ഗുരു അന്ന് കരഞ്ഞത്. ഗംഗജലത്തേക്കാൾ പരിശുദ്ധമായ കണ്ണുനീരിൽ അഭിഷേകം ചെയ്ത് ഗുരു പ്രതിഷ്ഠിച്ച ആ ശിലയ്ക്ക് ഇന്നോളം മറ്റൊരു അഷ്ടബന്ധം വേണ്ടിവന്നില്ല.  

അരുവിപ്പുറം വിപ്ലവം 1888

ഒരു ദിവസം ശ്രീനാരയണഗുരു ശിഷ്യരോടൊത്ത് നെയ്യാറ്റിൻകരയിലെ അരുവിപ്പുറം സന്ദർശിച്ചു. പ്രകൃതിരമണീയമായ നെയ്യാറിൻെറ തീരത്ത് ഒരു ക്ഷേത്രം പണിതാലെന്താ എന്ന് ഗുരുവിന് തോന്നി. തൻെറ ആശയം  ഗുരുശിഷ്യന്മാരുമായി പങ്കുവെച്ചപ്പോൾ അവർക്കും സന്തോഷം. നെയ്യാറൻെറ തെക്കെക്കരയിൽ കാട് വെട്ടിത്തെളിച്ച് ചെറിയൊരു പന്തൽ പണിയുകയാണ് ആദ്യം ചെയ്യ്തത്. കുരുത്തോലയും മാവിലയും കൊണ്ട് പന്തൽ അലങ്കരിച്ചു. ഒരു പാറയെ പീഠമായി സങ്കല്പിച്ച് പ്രതിഷ്ഠ നടത്താനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഗുരു ധ്യാനപൂർവം നദിയിലേക്കിറങ്ങി നദിയിലെ ആഴമുള്ള ഭാഗത്തേക്കു നീങ്ങി. ഒരു ശില നെഞ്ചോട് ചേർത്തുവച്ച് മുങ്ങി. ഈറനണിഞ്ഞ ശിലയുമായി കരയിലെത്തിയ ഗുരു ഏറെ നേരം ധ്യാനനിരതനായി നിന്നു. ശേഷം ശിലയെ പാറമേൽ പ്രതിഷ്ഠിച്ചു. ഈഴവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വാർത്ത നാടാകെ പരന്നു. സവർണർ അരുവിപ്പുറത്തെത്തി ഗുരുവിനെയും ശിഷ്യന്മാരെയും ചോദ്യം ചെയ്തു. പുഞ്ചിരിയൊടെ സവർണരുടെ ചോദ്യങ്ങളെ നേരിട്ട ഗുരു നാം നിങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചിട്ടില്ല. ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്.  ( നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന ശക്തമായ വാദവും നിലനിൽക്കുന്നുണ്ട്. ) എന്നു പറഞ്ഞു. കോപിച്ചു വന്നവർക്ക് തല കുമ്പിട്ട് തിരിച്ചു പോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അരുവിപ്പുറം വിപ്ലവമെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു. 




No comments: