വിഷുക്കണി
വിഷുപുലരിയിൽ കാണുന്ന മംഗളകരമായ കാഴ്ചയാണ് വിഷുകണി. കണിത്താലത്തിലെ പ്രധാന ആകർ ഷണം കണിക്കൊന്നപ്പൂവാണ്. കണിവെള്ളരി, ചക്ക, മാങ്ങ ,മറ്റു ഫലങ്ങൾ, പച്ചക്കറികൾ, അരി, നാളികേരം , ഗ്രന്ഥം , സ്വർണാഭരണങ്ങൾ , കണ്ണാടി, കുങ്കുമച്ചെപ്പ്, കോടിമുണ്ട് ഇവയൊക്കെ താലത്തിൽ വെക്കാറുണ്ട് . കൂടാതെ വെറ്റില, അടയ്ക്ക, തെങ്ങിൻപൂക്കുല , നവധാന്യങ്ങൾ ( നെല്ല് , ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്,മുതിര, പയർ ) ഇവയൊക്കെ മംഗളവസ്തുക്കളായി പരിഗണിക്കപ്പെട്ടിരുന്നു. തലേന്ന് രാത്രിവെക്കുന്ന കണി അതിരാവിലെ ഉണർന്നു കുടുംബാംഗളെല്ലാം വിഷുക്കണി കാണുന്നു. സമൃദ്ധിയുടെ സൂചകമായാണ് വിഷുകണിയെ കരുതിപോരുന്നത്.
കണിക്കൊന്ന
കൊന്നപ്പൂ കണ്ടാൽ നാം ആദ്യം ഓർക്കുന്നതു വിഷുവിനെയാണല്ലോ. മേടമാസം അടുക്കുന്നതോടെ കൊന്നകൾ സമൃദ്ധമായി പൂത്തുതുടങ്ങുന്നു. മനോഹരമായ പൂങ്കുലകളായി വിടരുന്ന കണിക്കൊന്നപ്പൂവ് കേരളത്തിൻെറ സംസ്ഥാനപുഷ്പമാണെന്നറിയാമല്ലോ. വിഷുകണിയുടെ പ്രധാന ഭാഗമായ കണിക്കൊന്ന ഒരു ഔഷധ സസ്യമാണ്.
വിഷുകൈനീട്ടം
വിഷുക്കണി കണ്ടുവരുന്നവര്‍ക്ക് ഗൃഹനാഥൻ ആദ്യമായി നൽകുന്ന നാണയരൂപത്തിലുള്ള സമ്മാനമാണ് വിഷുകൈനീട്ടം. കൈനീട്ടിനൽകുന്നതിനാലും വാങ്ങിന്നതിനാലും ഇത് കൈനീട്ടമാകുന്നു. പണ്ട് ധനികർ വെള്ളിപ്പണമാണ് കൈനീട്ടമായി നൽകിയിരുന്നത്.
വിഷുകഞ്ഞി
തവിടുകളായാത്ത അരിയും തേങ്ങാപ്പാലും ശര്‍ക്കരയും ഏലക്കായും ചേര്‍ത്ത് വിഷുനാളിൽ തയാറാക്കുന്ന സ്വാദിഷ്ടമായ വിഭവമാണിത്. ഇത് ജന്മികുടുംബങ്ങളിൽ അതിരാവിലെ തയാറാക്കപ്പെടുന്നു. വിഷുച്ചാൽ കീറി വിതച്ചെത്തുന്ന കുടുംബാംഗങ്ങളും പണിക്കാരും ചേര്‍ന്ന് വിഷുക്കഞ്ഞിയുടെ മാധുര്യം നുണയുന്നു.
വിഷുക്കട്ട
അരിയും തേങ്ങപ്പാലും ശർക്കരയും ചേർത്തുണ്ടാക്കുന്ന പലഹാരമാണ് വിഷുക്കട്ട. വിഷു ആഘോഷങ്ങളിൽ വിഷു കട്ടവിതരണം ചെയ്യുന്ന പതിവും ഉണ്ടായിരുന്നു.
വിഷുവേല
പല ക്ഷേത്രങ്ങളിലും വിഷു ഗംഭീരമായി ആഘോഷിക്കുന്നു. ഗുരുവായൂരിൽ വിഷുക്കാലത്ത് ഗംഭീര ആഘോഷങ്ങൾ പതിവുണ്ട്. ക്ഷേത്രങ്ങളിൽ വിഷുവുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ഒരാഘോഷമാണ് വിഷുവേല.
വിഷുവെടുക്കൽ
പഴയകേരളത്തിലെ ആചാരമായിരുന്നു വിഷുവെടുക്കൽ.ഭൂപ്രഭുക്കൾ മറ്റു ജോലിക്കാർക്കു വിഷുവിന് കാർഷികോല്പന്നങ്ങൾ സമ്മാനിക്കുമായിരുന്നു. അവ സ്വീകരിക്കുന്നവർ ആ കാർഷിക വർഷം മുഴുവൻ ഭൂവുടമയ്ക്കുവേണ്ടി പണിയെടുക്കണം.
വിഷുവല്ലി
വിഷുത്തലേന്ന് ജന്മി കുടുംബങ്ങളിൽ നിന്ന് ചെറുകുട്ടകളിൽ അരി, തേങ്ങ, വെളിച്ചെണ്ണ, ശര്‍ക്കര, തുടങ്ങിയവ കുടിയാൻമാര്‍ക്ക് നൽകുന്നു. ഇതിനെ
വിഷുവല്ലി എന്നാണ് വിളിക്കുക.
വിഷുച്ചാൽ
ഓണം വിളവെടുപ്പുത്സവമാണെങ്കിൽ വിഷുവിത്തിടൽ ഉത്സവമാണ്. വിഷുദിവസം വയൽമുഖത്ത് ജന്മിയും പണിക്കാരുടെ തലവനും ചേര്‍ന്ന് നിലവിളക്കു കൊളുത്തുന്നു. ഇതിന് വയൽത്തിരി എന്നാണു പറയുക. തുടര്‍ന്ന് രണ്ടുപണിക്കാര്‍ വയലിലിറങ്ങി കലപ്പയുടെ മുഖംപേറുന്നു. ജന്മിയും മൂപ്പനും ചേര്‍ന്നു കലപ്പപൂട്ടി ചെറുചാൽ തീര്‍ക്കുന്നു. ഇതിനെ വിഷുച്ചാൽ കീറുക എന്നാണ് പറയുക.
കണിവിളി
വിഷുദിനത്തിൽ കണിയേ .... കണികണിയേ എന്നു വിളിച്ചു കുട്ടികൾ വീടുകളിൽ കയറിയിറങ്ങുന്നത്.
കണിക്കെട്ട്
കാലത്തുണരുമ്പോൾ കാണാനായി കൊന്നപ്പൂവും മാമ്പഴക്കുലയും ചേർത്തു കെട്ടി വാതിലിൽ തൂക്കുന്നത്.
വിഷുപക്ഷി
വിഷുവിൻെറ വരവറിയിച്ച് എല്ലാ ഏപ്രിലിലും പാട്ടുപാടി ഇലച്ചാര്‍ത്തുകൾക്കിടയിൽ തത്തിക്കളിക്കുന്ന ഒരുതരം പക്ഷി പ്രത്യക്ഷപ്പെടാറുണ്ട്. മലയാളികളുടെ പ്രിയ വിഷുപ്പക്ഷി. ഏപ്രിൽമാസമാകെ കേൾക്കാം എങ്ങും ഇവയുടെ ശബ്ദം - ചക്കക്കുപ്പുണ്ടോ, അച്ഛൻ കൊമ്പത്ത് ,വിത്തും കൈക്കോട്ടു, കണ്ടാമിണ്ട, കൊണ്ടോയ് തിന്നോട്ടെ... എന്നിങ്ങനെ ഓരോ തരത്തിൽ പക്ഷിയുടെ പാട്ടിന് നമ്മൾ അര്‍ത്ഥവും നൽകിയിട്ടുണ്ട്. കുയിൽ വര്‍ഗത്തിൽപ്പെടുന്ന ഇതിന് പക്ഷിനിരീക്ഷകരിട്ടിരിക്കുന്ന പേര് ഇന്ത്യൻകുക്കു ( Indian Cuckoo) ശാസ്ത്രീയനാമം കുക്കുലസ് മൈക്രോപ്റ്റെസ് ( Cuculus micropterus).ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻെറ കിഴക്കേ പകുതിയിൽ ഹിമാലയം മുതൽ കന്യാകുമാരിവരെയും ആൻമാൻ നിക്കോബാര്‍ദ്വീപുകളിലും ശ്രീലങ്കയിലൂം കാണപ്പെടുന്ന ഈ പക്ഷികളിൽ ,കേരളത്തിൽ സ്ഥിരമായി കാണുന്നവയും ദേശാടകരായി വരുന്നവയുമുണ്ട്. ആണും പെണ്ണും രൂപത്തിൽ ഏകദേശം ഒരുപോലെയായ ഇവയുടെ തലയുടെ മുകൾഭാഗം, തൊണ്ട, മാറിടം എന്നിവ നേര്‍ത്ത ചാരനിറനിറത്തിലാണ്.ശരീരത്തിന് അടിവശത്തു ഭസ്മം തൊട്ടപോലെ വിലങ്ങനെ പാടുകളും കാണാെം. നാണം കുണുങ്ങിയായ വിഷുപക്ഷി മരച്ചില്ലകൾക്കിടയിലാണ് മിക്കസമയവും. അതിനിടയിൽ നിന്നു തിരിച്ചറിയാനും ബുദ്ധിമുട്ടാണ് ,അതാണ് പലപ്പോഴും ഇവയുടെ ശബ്ദം വിഷുക്കാലത്തു മാത്രം കേൾക്കുന്നത്. ആ ശബ്ദം വിഷുക്കാലത്തു മാത്രം കേൾക്കുന്നതിലുമുണ്ടൊരു ശാസ്ത്രം ഏപ്രിലാണ് ഈ പക്ഷിയുടെ ഇണചേരൽ കാലം. ഇണയെ ആകര്‍ഷിക്കാൻ വേണ്ടി പുറപ്പെടുവിക്കുന്ന ശബ്ദമാണു വിഷുക്കാലത്ത് നാം കേൾക്കുന്നത്.ഇണചേരൽക്കാലം കഴിഞ്ഞാൽ പാട്ടും നിര്‍ത്തും.
വിഷു
വിഷു എന്ന സംസ്കൃതം പദത്തിന് തുല്യാവസ്ഥയോടുകൂടിയത് എന്നർത്ഥമുണ്ട് രാവും പകലും ഏകദേശം സമമായ കാലമാണ് വിഷുക്കാലം. പാശ്ചാത്യർ ഈ കാലത്തെ ഇക്വിനോസ് എന്ന് വിളിച്ചു.
വിഷുപ്പത്ത് വിഷുവം
മീനവും മേടവും ബന്ധിപ്പിക്കുന്ന ദിവസമാണ് വിഷുപ്പത്ത്. ഇതിന് വിഷുവം എന്നു പേരുണ്ട്. തുലാം ഒന്നിന് മറ്റൊരു വിഷുവുമുണ്ട് ഇതാണ് തുലാവിഷു. തുലാവിഷുവിന് മേടവിഷുവോളം പ്രാധാന്യമില്ല.
വിഷുസംക്രാന്തി
സൂര്യൻ മീനരാശിയിൽ നിന്ന് മേടരാശിയിലേക്ക കടക്കുന്ന ഘട്ടമാണ് വിഷുസംക്രാന്തി. ഇതിനെ വിഷുസംക്രമം എന്നും പറയും.
No comments:
Post a Comment