പക്ഷി വൈവിധ്യം - മണ്ണാത്തിപ്പുള്ള്

 മണ്ണാത്തിപ്പുള്ള് 

MAGPIE ROBIN 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

മണ്ണാത്തിപ്പുള്ള്  പട്ടണങ്ങളിൽ പോലും സർവസാധാരണവും, അഴകുകൊണ്ടും സ്വവാഭാവം കൊണ്ടും നമ്മെ ആകർഷിക്കുന്നതുമായ പക്ഷിയാണ് മണ്ണാത്തിപ്പുള്ള്. ഒരു ബുൾബുളോളം വലുപ്പമുള്ള ഈ പക്ഷിയുടെ ദേഹത്തിൽ കറുപ്പും വെള്ളയും തെളിഞ്ഞു ശോഭിക്കുന്നു. ചിറകിലുള്ള വെള്ളപ്പട്ട പൂട്ടിയചിറകിലും തെളിഞ്ഞുകാണാം. നീണ്ടവാലിനു നടുക്കുള്ള തൂവലുകൾ കറുപ്പും മറ്റുള്ളവ തൂവെള്ളയുമാണ്. മിക്ക സമയത്തും വാൽ ഉയർത്തിയാണ് പിടിച്ചിരിക്കുക. പൂവൻെറ ദേഹത്തുള്ള കറുപ്പ് നിറം, കറുത്തതും തിളക്കമുള്ളതുമാണ്. പിടയുടെ ദേഹത്തുള്ള കറുപ്പ്, പ്രത്യേകിച്ച് തൊണ്ടയിലും മാറിടത്തും, മങ്ങിയതും ചാരനിറം കലർന്നതുമാണ്. പ്രായപൂർത്തിവരാത്ത കുഞ്ഞുങ്ങളുടെ തൊണ്ടയും മാറിടവും അനവധി വെള്ളവരകൾ കലർന്നു കിടക്കുന്ന തവിട്ട് നിറമാണ്. പ്രാരംഭകർ മണ്ണാത്തിപ്പുള്ളാണന്നു തെറ്റിദ്ധാരിക്കാൻ സാധ്യതയുള്ള ഒരു പക്ഷി വാലുകുലുക്കിപ്പക്ഷിയാണ്. തെറ്റുപറ്റാതിരിക്കാൻ നാം കാണുന്ന പക്ഷിയുടെ കണ്ണിനു മീതെ വീതിയുള്ള വെളുത്ത പുരിക അടയാളമുണ്ടോ എന്ന് നോക്കിയാൽ മതി . ഉണ്ടങ്കിൽ അത് മണ്ണാത്തിപ്പുള്ളല്ല. വാലുകുലുക്കിയാണ്. മണ്ണാത്തിപ്പുള്ളിനു മുഖത്ത് വെള്ളനിറം കാണുകയില്ല. 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

നമ്മുടെ നാട്ടിൽ സർവസാധാരമായ ഈ പക്ഷിക്ക് നാട്ടുകാർ  വളരെ ഉചിതമായ ഒരു പേരാണ് കൊടുത്തിട്ടുള്ളത്. മണ്ണാത്തിപ്പുള്ള്  കൂടെക്കൂടെ നീണ്ടവാൽ പൊക്കി പെട്ടന്ന് താഴ്ത്താറുണ്ട്. കാക്കയെയും മൈനയെപോലെ പട്ടണമധ്യത്തിൽത്തന്നെ സധൈര്യം ജീവിക്കുന്ന പക്ഷിയാണിത്. 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

മണ്ണാത്തിപ്പുള്ള് പാട്ടുന്നതു വേനൽക്കാലത്താണ്. മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിൽ രാവിലെയും വൈകുന്നേരവും ഈ പക്ഷിയുടെ സംഗീതം യഥേഷ്ടം കേൾക്കാം. ചില സമയങ്ങളിൽ പകൽ മുഴുവനും ഈ  പക്ഷി പാടിക്കൊണ്ടേ ഇരിക്കും. സംഗീതം ഇടവിടാതെ കേട്ടുതുടങ്ങിയാൽ പക്ഷിയുടെ സന്താനോത് പാദനകാലം തുടങ്ങി എന്ന് തീർച്ചയാക്കാം. ആൺപക്ഷികൾ ഉയർന്ന മരങ്ങളിലും, മേൽപ്പുരയ്ക്കു മീതെയും മറ്റുമുള്ള തുറന്ന സ്ഥലങ്ങളിലും ഇരുന്നു വലിയ ഉത്സാഹത്തോടെ പലവിധത്തിലുള്ള രാഗങ്ങളും ഇക്കാലത്തു സദാ  പാടിക്കൊണ്ടിരിക്കും. ഏതു കേരളിയനും വേണ്ടുവോളം കേട്ട് ആസ്വദിക്കാവുന്നതാണ് മണ്ണാത്തിപ്പുള്ളിൻെറ സംഗീതം. ചിലസമയത്തു മണ്ണാത്തിപ്പുള്ളിനു മറ്റു പക്ഷികളെ അനുകരിക്കുന്നതിൽ വലിയ താല്പര്യമാണ്. 

LOCATION : രാമപുരംസ്കൂൾ വേങ്കവിള

നിലത്തു തത്തിനടന്ന്, കാണുന്ന കൃമികളെയെല്ലാം കൊത്തിവിഴുങ്ങിയാണ് മണ്ണാത്തിപ്പുള്ള് ജീവിക്കുന്നത്. ചിലപ്പോൾ മരങ്ങളുടെ കൂട്ടങ്ങളിൽ നിന്നോ പറക്കുന്ന പാറ്റകളെ പിൻതുടർന്നോ ആഹാരം സമ്പാദിക്കാറുണ്ട്. മണ്ണാത്തിപ്പുളളിന് പാമ്പുകളോട് ബദ്ധവൈര്യമാണ്. പാമ്പിനെ കണ്ടാൽ ഉടനെ അടുത്ത കൊമ്പിൽ കയറിയിരുന്ന് ചീറിത്തുടങ്ങും. മണ്ണാത്തിപ്പുള്ളുകൾക്ക് മറ്റു പലപക്ഷികളെ പോലെ കൂടിനുചുറ്റുമുള്ള സ്ഥലം സ്വകാര്യ സ്വത്തായി നിലനിർത്തുന്ന സ്വഭാവമുണ്ട്. മണ്ണാത്തിപ്പുള്ളു കൂടുകൂട്ടുന്നതിന് ഇരുണ്ടമാളങ്ങൾ ഉപയോഗിക്കുന്നു. എങ്കിലും അതിൻെറ മുട്ടകൾ വെള്ളയല്ല എന്ന ഒരു വിശേഷമുണ്ട്. മരപ്പൊത്തുകളിലും ചുമരുകളിലുള്ള ദ്വാരങ്ങളിലും ആണ് ഈ പക്ഷി സാധാരണ കൂടുണ്ടാക്കാറ്. 

LOCATION : രാമപുരംസ്കൂൾ വേങ്കവിള







No comments: